06:58pm 13 November 2026
NEWS
സാന്നിധ്യത്തിലൂടെയുള്ള സാക്ഷ്യമാണ് സന്യാസജീവിതം: മാർ റാഫേൽ തട്ടിൽ
16/04/2026  11:07 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സാന്നിധ്യത്തിലൂടെയുള്ള സാക്ഷ്യമാണ് സന്യാസജീവിതം: മാർ റാഫേൽ തട്ടിൽ
HIGHLIGHTS

സീറോമലബാർ സഭയിലെ സമർപ്പിത-അപ്പസ്തോലിക സമൂഹങ്ങൾക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സുപ്പീരിയർ ജനറൽമാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിക്കുന്നു. ആർച്ചുബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ എം.എസ്.റ്റി, ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് എന്നിവർ സമീപം.

 

കാക്കനാട്: വാക്കുകളേക്കാൾ ഉപരിയായി സ്വന്തം ജീവിതസാന്നിധ്യത്തിലൂടെ സമൂഹത്തിന് നൽകുന്ന സാക്ഷ്യമാണ് സന്യാസജീവിതത്തിന്റെ യഥാർത്ഥ പ്രസക്തിയെന്ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രസ്താവിച്ചു. വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലാതെ ആർക്കും ലളിതമായി മനസ്സിലാക്കാൻ സാധിക്കുന്ന ജീവിതമാതൃകകളാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സീറോമലബാർ സഭയിലെ സമർപ്പിത-അപ്പസ്തോലിക സമൂഹങ്ങൾക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സുപ്പീരിയർ ജനറൽമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറോമലബാർ സഭയുടെ സമുദായശക്തീകരണ വർഷത്തിൽ സമർപ്പിതർ വഹിക്കേണ്ട പങ്കിനെക്കുറിച്ച് ചിന്തിക്കാനായി വിളിച്ചുചേർത്ത യോഗത്തിൽ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കൺവീനർ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. സഭയിലെ വിവിധ സമർപ്പിത സമൂഹങ്ങളിൽ നിന്നുള്ള അറുപതോളം സുപ്പീരിയർ ജനറൽമാരും മറ്റ് മേജർ സുപ്പീരിയേഴ്സും സമ്മേളനത്തിൽ പങ്കെടുത്തു.

കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എം.എസ്.റ്റി., കമ്മീഷൻ അംഗം മാർ ജോസഫ് അരുമച്ചാടത്ത് എം.സി.ബി.എസ്., കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്., പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജെയിംസ് കൊക്കാവയലിൽ, കമ്മീഷൻ ജോയിന്റ് സെക്രട്ടറി സി. ജെസ്സി മരിയ ഓ.പി. എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img